Photo Sharing and Video Hosting at Photobucket

Sunday, July 29, 2007

സ്‌നേഹമാണഖിലസാരമൂഴിയില്‍

അതിമനോഹരമായ പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളിലും, മോണ കാട്ടി വശ്യമായി പുഞ്ചിരിക്കുന്ന ഇളംകുഞ്ഞിന്റെ ലാളിത്യത്തിലും, മനുഷ്യചേതനയില്‍ കുടികൊള്ളുന്ന നന്മയുടെ സുഗന്ധത്തിലും, സ്നേഹമെന്ന വികാരത്തിന്റെ അസ്തിത്വമുണ്ട്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. പ്രകൃതിരമണീയമായ ഈ ഭൂമിയില്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നതിന് വേണ്ടി ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എത്രയധികം അതിനെ മനോഹരമാക്കാമോ അത്രയും സുന്ദരമായി മെനഞ്ഞെടുത്തിരിക്കുന്നു. പൂമൊട്ടുകള്‍ വിരിയുന്നു, പറവകള്‍ കളകൂജനം പൊഴിക്കുന്നു, പുഷ്പലതാദികള്‍ കാറ്റത്തു ചാഞ്ചാടുന്നു, പൂമ്പാറ്റകള്‍ പാ‍റിപ്പറക്കുന്നു, വണ്ടുകള്‍ മൂളിപ്പാട്ടു പാടുന്നു, കളകളം പാടി കുളിരരുവികള്‍ ഒഴുകുന്നു, പുതുമഴ പെയ്ത് ഭൂമി ഉര്‍വ്വരമാകുന്നു, ചെറുഗീതവുമായി ഇളംതെന്നല്‍ വീശുന്നു, കാര്‍മേഘങ്ങള്‍ ആകാശത്ത് ചിത്രങ്ങള്‍ വരക്കുന്നു, മലനിരകള്‍ പച്ചപ്പട്ടു വിരിച്ചതുപോലെ കിടക്കുന്നു - എവിടെ നോക്കിയാലും സൌന്ദര്യത്തിന്റെ ഒരു വര്‍ണ്ണപ്രപഞ്ചം മാത്രം. സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ഒത്തുകൂടാനും, സല്ലപിക്കാനും, സമയം പോക്കാനും ഇണങ്ങുന്ന പ്രകൃതിഭംഗി.
ജീവിതത്തില്‍ ഏവര്‍ക്കും സന്തോഷദായകമായ നിമിഷങ്ങള്‍. എല്ലാവരും വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില സുന്ദരനിമിഷങ്ങള്‍, അത് പരസ്പരസ്നേഹം പങ്കുവച്ച, ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ, സ്നേഹത്തിന്റെ ത്രസിപ്പില്‍ മതിമറന്നാടിയ, സംഘര്‍ഷരഹിതമായ, സുവര്‍ണ്ണനിമിഷങ്ങളായിരിക്കും.
കുടുംബജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും, സാമൂഹ്യജീവിതത്തിന്റെയും ഭദ്രത സ്നേഹം എന്ന വികാരത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. അതിനാല്‍ സ്നേഹത്തേക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും മനുഷ്യനന്മ ലക്ഷ്‌യമാക്കിയുള്ളവയാണ്.
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല സ്നേഹം. സ്നേഹം എന്നത് പരസ്പരാശ്രിതത്വമാണ്. സ്നേഹത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളുമുണ്ട്. മനുഷ്യന്‍ തന്റെ സഹജീവികളെ മാത്രമല്ല മറിച്ച് ഇതരജീവജാലങ്ങളേയും പ്രകൃതിയിലെ ഓരോ വസ്തുക്കളേയും സ്നേഹിക്കുന്നു. എന്തിനെയെങ്കിലും സ്നേഹിക്കാതിരിക്കാന്‍ അവന് കഴിയില്ല. കാരണം സ്നേഹം എന്നത് വ്യക്തിത്വത്തിലെ നൈസര്‍ഗ്ഗികഭാവമാണ്.
നാമെല്ലാം തുല്യരാണെന്ന ബോധമാണ് സഹോദരസ്നേഹത്തിലുള്ളത്. മനുഷ്യത്വത്തിന്റെ മഹനീയത അവിടെ തെളിഞ്ഞുകാണാം.
ഉപാധികളില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം. സുരക്ഷിതത്വബോധവും, സ്വന്തം വളര്‍ച്ചക്കും സംരക്ഷണത്തിനും ആവശ്യമായ കാര്യങ്ങളും കുഞ്ഞ് മാതാവില്‍ നിന്നും പഠിക്കുന്നു.
സ്നേഹം എന്നത് മനുഷ്യമനസ്സിന്റെ സുഗന്ധമാണ്. മാനവസമുദായം സ്നേഹത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്.
മനുഷ്യവര്‍ഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യാന്‍ സ്നേഹത്തിന്റെ സൃഷ്ടിപരമായ ആവിഷ്കാരത്തിലൂടെ കഴിയും.
മനുഷ്യര്‍ക്കുണ്ടാകുന്ന മോഹഭംഗങ്ങളും മറ്റും തരണം ചെയ്യാന്‍ സ്നേഹത്തിനു കഴിയും. സ്നേഹം നമ്മെ ഐക്യപ്പെടുത്തുന്നു. ഏകാന്തതയില്‍ നിന്നും വിഷാദത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നതും സ്നേഹബന്ധങ്ങളാണ്.
സ്നേഹബന്ധങ്ങളുടെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് മറ്റുള്ളവരെപ്പറ്റി മനസ്സിലാക്കാനുള്ള കഴിവാണ്. മറ്റുള്ളവര്‍ അവരുടെ വികാരങ്ങളും പ്രശ്നങ്ങളും പങ്കിടുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. തുറന്ന സംഭാഷണം എല്ലാവരും ഇഷ്ടപ്പെടുന്നു. സത്യസന്ധമായി സംസാരിക്കുക. പരിചയപ്പെടുന്ന എല്ലാവരോടും രഹസ്യങ്ങള്‍ തുറന്നുപറയണമെന്ന് ഇതിനര്‍ത്ഥമില്ല. പരിചയപ്പെടുന്ന ഉടന്‍‌ തന്നെ സ്വയം വെളിപ്പെടുത്തുന്നതും തന്നെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിക്കുന്നതും മറ്റുള്ളവരെ അകറ്റിനിര്‍ത്തും.
സ്നേഹത്തിന്റെ ഭാവം സൌഹൃദത്തിന്റേതാവുമ്പോള്‍ സ്നേഹം പങ്കുവക്കുന്നവര്‍ക്ക് ആ ബന്ധം സുഖം പകരുന്നതായി മാറും.
മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പിന് സ്നേഹം വളരെ ആവശ്യമാണ്. നമ്മള്‍ സ്നേഹം അനര്‍ഗ്ഗളമായി പ്രകടിപ്പിക്കണം. വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ എല്ലാം. നമ്മള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നതുകൊണ്ടാണ് അവര്‍ നമ്മെ സ്നേഹിക്കുന്നത്. അത് നേരെ തിരിച്ചുമാകാം.

കടപ്പാട് : തുഷാരം
കുറിപ്പ്‌ - മാത്യു .ടി.കെ, ഡല്‍ഹി

No comments: